Monday 26 November 2012

ബഹുമാനപ്പെട്ട വനംമന്ത്രി കെ ബി ഗണേഷ്‌കുമാര്‍, എം ഐ ഷാനവാസ് എം പി, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, മറ്റ് റവന്യൂ-വനം-പോലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, പ്രതിഷേധവുമായി അണിനിരന്ന പൊതുജനങ്ങള്‍ എന്നിവര്‍ക്ക്,

സര്‍,

കഴിഞ്ഞ കുറച്ച് നാളുകളായി ഞങ്ങളെ (കടുവകള്‍) വേട്ടയാടാന്‍ നിങ്ങള്‍ തുനിഞ്ഞിരിക്കുകയാണല്ലോ? ഇതിനുള്ള കാരണം എന്താണെന്ന് ഞങ്ങള്‍ കടുവകള്‍ക്ക് ഇനിയും വ്യക്തമായിട്ടില്ല. വയ
നാട് വന്യജീവി സങ്കേതമെന്നു പറയുന്നത് നിങ്ങള്‍ (ഇവിടുത്തെ എം പി, എം എല്‍ എമാര്‍, മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍) ഒരു സുപ്രഭാതത്തില്‍ രൂപപ്പെടുത്തിയെടുത്തതല്ല. നിങ്ങള്‍ ഇവിടെ ഒരു സങ്കേതമെന്ന ബോര്‍ഡ് സ്ഥാപിച്ച് സ്വദേശീയരില്‍ നിന്നും വിദേശീയരില്‍ നിന്നും പണം വാങ്ങിക്കുകയാണ് ഇക്കാലമത്രയം ചെയ്തുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്കതില്‍ പരിഭവമില്ല. നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ മുന്‍ഗാമികള്‍ താമസിച്ചിരുന്ന സ്ഥലത്തല്ല ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത് എന്ന സത്യം ദയവു ചെയ്ത് മനസ്സിലാക്കുക. നിങ്ങളുടെ പൂര്‍വ്വികര്‍ക്കും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങളുടെ വംശവും ഇവിടെത്തന്നെയാണ് വസിച്ചിരുന്നത്. ഞങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥലങ്ങള്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം നിങ്ങള്‍ കയ്യേറി അതിര്‍ത്തി തിരിച്ചു കഴിഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ട വനഭൂമി എത്രമാത്രം നിങ്ങള്‍ കൊള്ളയടിച്ചു! അന്നത്തെ വനഭൂമിയുടെ വിസ്തൃതി ഇപ്പോഴുണ്ടോയെന്ന് ദയവു ചെയ്ത് പരിശോധിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. ഞങ്ങള്‍ക്ക് അവകാശപ്പെട്ട, ഞങ്ങളുടെ പൂര്‍വ്വികരാല്‍ ലഭിച്ച സ്ഥലത്താണ് ഞങ്ങള്‍ ഇപ്പോഴും വസിക്കുന്നത് എന്ന് മനസ്സിലാക്കുക. സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ജീവിയെന്ന് സ്വയം അഹങ്കരിക്കുന്ന നിങ്ങള്‍ക്കായിരിക്കും എപ്പോഴും പരിഗണന എന്നറിയാം. എങ്കിലും നീതി നിഷേധിക്കുന്നതിന് ഒരു പരിധിയില്ലേ. നിങ്ങളിലാരും ദിനോസര്‍, മാമാത്ത് തുടങ്ങിയ മൃഗങ്ങളെ ജീവനോടെ കണ്ടിട്ടില്ലല്ലോ? നിങ്ങള്‍ ഇപ്പോള്‍ അവയുടെ ചിത്രകാരന്റെ ഭാവനയും ഫോട്ടോയും മാത്രവുമല്ലേ കണ്ടിട്ടുള്ളൂ? നിങ്ങളുടെ വരും തലമുറ നാളെ ഞങ്ങളുടെ ചിത്രങ്ങള്‍ കണ്ട് പഠിച്ചാല്‍ മതിയെന്നാണോ? അവര്‍ക്കും ഞങ്ങളെ ജീവനോടെ കാണാനുള്ള അവസരമെന്തിനാണ് നിങ്ങള്‍ ഇങ്ങനെ നിഷേധിക്കാന്‍ മെനക്കെടുന്നത്?

ഞങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളര്‍ത്തു മൃഗങ്ങളെ കൊന്നു എന്നതു ശരിതന്നെയാണ്. മാംസ ഭേജികളായ ഞങ്ങള്‍ക്കും വിശപ്പുണ്ട്, കുട്ടികളുണ്ട് കുടുംബമുണ്ട് എന്നെല്ലാം നിങ്ങളെന്താണ് മനസ്സിലാക്കാത്തത്? നിങ്ങള്‍ വിശപ്പകറ്റാന്‍ (?) മീനിനെയും, പോത്തിനേയും ആടിനെയുംമെല്ലാം കൊന്നു തിന്നുന്നില്ലേ? അപ്പോള്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ അത് ഭീകരത, നിങ്ങള്‍ ചെയ്യുന്നതോ? അതിന്റെ ന്യായീകരണമെന്താണ്? കഴിഞ്ഞ ദിവസം കടുവ മാനിനെ കൊന്നു എന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. എന്ത് വിഡ്ഢിത്തമാണ് ആ വാര്‍ത്ത. ഒരു ആവാസ വ്യവസ്ഥയിലെ ഭക്ഷ്യശൃംഖല നിങ്ങള്‍ ചെറിയ ക്ലാസ്സുകളില്‍ തന്നെ പഠിച്ചിട്ടുണ്ടാകുമല്ലോ? അതില്‍ ഞങ്ങളുടെ വിഭാഗം കഴിക്കുന്നത് മാനുകളെയും പോത്തുകളെയുമൊക്കയല്ലേ? എന്തായാലും എരിതീയിലേക്ക് എണ്ണയൊഴിക്കേണ്ടിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരോടും ഞങ്ങള്‍ക്കതില്‍ പ്രതിഷേധമുണ്ട്.

ഒരു സത്യം നിങ്ങള്‍ മനസ്സിലാക്കുക, വളരെ ശക്തമായ ഒരു ആവാസ ശൃംഖല ഇവിടെയുണ്ട്. അത് ഞങ്ങള്‍ക്കും മറ്റ് വന്യ മൃഗങ്ങള്‍ക്കും നിങ്ങള്‍ക്കുമെല്ലാം കിട്ടിയ വരദാനമാണ്. ജീവ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലാണെന്ന് സ്വയം അഹങ്കരിക്കുന്ന നിങ്ങള്‍ ഞങ്ങളുടെ സമൂഹത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി നടത്തിവരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ നടത്തിയ വന നശീകരണവും മറ്റ് കൊള്ളതായ്മകളും കാരണം ഞങ്ങള്‍ കടുവകള്‍ ഇപ്പോള്‍ നാമമാത്രമായിക്കഴിഞ്ഞു. ഞങ്ങളെ സഹായിക്കാന്‍ നിങ്ങളില്‍ ചിലര്‍ ചേര്‍ന്നുണ്ടാക്കിയ ചില സംഘനകള്‍ (അവരുടെ ലക്ഷ്യം പണമാണോയെന്നൊന്നും ഞങ്ങള്‍ക്കറിയില്ല) മാത്രമാണ് ഒപ്പമുള്ളത്. അതും എത്രകാലം ഉണ്ടാകുമെന്നുമറിയില്ല. നിങ്ങളുടെ വേണ്ടാത്ത പ്രവൃത്തികളെ അതിജീവിച്ച് ഞങ്ങള്‍ കുറച്ചുപേര്‍ ഇവിടെ അവശേഷിക്കുന്നുണ്ട്. അവരെ കൊന്നൊടുക്കാനല്ലെ കഴിഞ്ഞ ദിവസങ്ങളായി കുറച്ചുപേരെ തോക്കുമായി വനത്തിലേക്ക് അയച്ചിരിക്കുന്നത്? ഞങ്ങളെ സംരക്ഷിക്കാനുള്ളവരെപ്പോലും ഭയപ്പെടുത്തി കൂടെ നിര്‍ത്തിയില്ലേ നിങ്ങള്‍?

ഞങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്നതിനുള്ള നിര്‍ദേശമാണ് ഞങ്ങളുടെ അവകാശങ്ങള്‍ക്ക് ഒപ്പം നിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ച മന്ത്രിയും, എം പിയും, എം എല്‍ എയും, കലക്ടറുമെല്ലാം നല്‍കിയത്. ഇതിനായി കഴിഞ്ഞ കുറച്ച ദിവസങ്ങളായി വനത്തിനുള്ളില്‍ ഞങ്ങള്‍ക്കായി തെരച്ചില്‍ നടത്തുന്നു. തെരച്ചിലിനിടയില്‍ കണ്ടെത്തുന്ന ഞങ്ങളെയെല്ലാം വെടിവെച്ച് കൊല്ലാനാണ് വേട്ട സംഘത്തിന് സര്‍ക്കാരും നല്കിയിരിക്കുന്ന നിര്‍ദേശം. സാമാന്യ നീതിക്ക് പോലും നിരക്കാത്ത തരത്തിലാണ് ഞങ്ങളുടെ ആവാസ സ്ഥലത്ത് കയറി ഞങ്ങളെ വെടിവെച്ചു കൊല്ലുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള പ്രദേശങ്ങളിലൊന്നാണ് നീലഗിരി ജൈവ മണ്ഡലത്തില്‍പ്പെട്ട വയനാട് വന്യജീവി സങ്കേതം. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നേടിത്തരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലേ? എന്നാല്‍ ഒരു സത്യംകൂടി അറിയുക, ലോകത്ത്തന്നെ ഞങ്ങള്‍ അവശേഷിക്കുന്നത് വെറും മൂവായിരത്തോളം അംഗങ്ങളാണ്. എല്ലാം നിങ്ങള്‍ മറച്ചുവെക്കുന്നു. ഞങ്ങളുടെ കുലംതന്നെ ഇല്ലാതാക്കാനല്ലേ നിങ്ങള്‍ ശ്രമിക്കുന്നത്. ഈ ലോകം നിങ്ങള്‍ക്കൊരിക്കലും മാപ്പ് തരില്ല.......

അതിജീവനത്തിനായി, ഞങ്ങളുടെ കുലം സംരക്ഷിക്കാനായി ഞങ്ങളിലെ അവസാനത്തെ കണ്ണിയും പോരാടുമെന്ന കാര്യം നിങ്ങള്‍ ഓര്‍ത്താല്‍ നന്നായിരിക്കും. അതിനിടെയുണ്ടായേക്കാവുന്ന സര്‍വ്വനാശങ്ങള്‍ക്കും നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും മനസ്സിലാക്കുക.

ബഹുമാനത്തോടെ
വിനയത്തോടെ
വയനാട് വന്യജീവിസങ്കേതത്തില്‍ നിന്നും
കടുവകള്‍.....
ഒപ്പ്....

(എഴുത്ത് -
ആവിഷ്‌ക്കാരം: സുനി എം അശോക്